Monday, March 26, 2012

ചില വീണ്ടു വിചാരങ്ങള്‍.(ആത്മഹത്യയെ കുറിച്ച്)

-----------------------------------------------------------------

അവസാനം തങ്കേടത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.എന്തിനു ചെയ്യാതിരിയ്ക്കണം? കെട്ട്യോനില്ല ,കുട്ട്യോളില്ല.എന്തിന്? നാലീരിക്കാവില് പൂരം കൂടാന്‍ പോവാന്‍നല്ലൊരു മുണ്ടും ബ്ലൌസുമില്ല.പിന്നെന്തിനാന്ന് ?

ഒരു ജീവിതത്തില് ഒന്നും വേണം ന്ന് പറഞ്ഞിട്ടില്ല.അല്ലെങ്ങി തന്നെ ആരോട് പറയാന്‍?! പ്രായായ അമ്മോടോ? അതോ, സതീശനോടോ?ഒനെന്താ ചെയ്യാ? അവനോന്റെ പ്രായള്ള കുട്ട്യോള്‍ടെ പോലെ നടക്കാന്‍ ഓനും പറ്റണില്ല.ഷര്‍ട്ടും പേന്റൂല്ല. മോബീലില്ല.കൊറേ ജന്മങ്ങള്.!!

എല്ലാരും കൂടി ശങ്കരന്‍ കുട്ടീടെ കൂടെ പറഞ്ഞു വിട്ടതാണ്. മൂപ്പര് വേറെ കെട്ടീതാണ്,കുടുംബാസൂത്രണം ചെയ്തതാണ് എന്നൊക്കെ ആരറിഞ്ഞു? എല്ലാ മാസോം കലണ്ടര് നോക്കി,വിരലുമടക്കി മടുത്തു കരച്ചിലും കൂട്ടോം ആയപ്പോ തഞ്ചത്തില് , ശങ്ങരന്‍ കുട്ടി പറഞ്ഞിട്ടാണ് തങ്കേടത്തി തന്നെ വിവരം അറിഞ്ഞത്!

"ന്നാലും നീയെന്റെ ...."

എന്ന് തലയില്‍ കൈവെച്ചു പ്രാകിയേന്റെ മനസ്താപത്തിന് ഇറങ്ങിപ്പോയതാണ് ശങ്കരന്‍ കുട്ടി. "ഇലയില്ലാച്ചാലും ഒരു മരായിരുന്നൂലോ ദേവീ" എന്ന് നിലാവുള്ള ദിവസങ്ങളില്‍ മൂപ്പത്യാര് ആരും കേള്‍ക്കാണ്ട് പതം പറഞ്ഞു കരയാറുണ്ട്.

അപ്പൊ പറഞ്ഞു വന്നത്, ആത്മഹത്യയെ കുറിച്ചാണ്.ആത്മഹത്യ. എങ്ങനെ ചെയ്യണം എന്നാലോചിച്ചിട്ട് ഒരു എത്തും പിടിയുമില്ല. പൊഴേല് ചാടാം. ജനിച്ച അന്ന് മുതല് കാണണതല്ലേ ? ആകെയുണ്ടായിരുന്ന പൊന്നിന്റെ മൂക്കുത്തിയും വീണു പോയത് പുഴയിലാണ്.ഹേ, വേണ്ട ചത്ത്‌ പൊങ്ങുമ്പോ, വയറൊക്കെ വീര്‍ത്ത്. ഉടുപ്പൊക്കെ അങ്ങട്ടും ഇങ്ങട്ടും പോയി.പോരാത്തെന് , ദാസപ്പനാണ് ശവം എടുക്കാന്‍ സ്ഥിരായി പുഴയില്‍ ഇറങ്ങ്വ. അവന്റെ നോട്ടം തന്നെ ശരിയല്ല. ജന്തു.കെട്ട്യോന്‍ ഒഴുവാക്ക്യേല് മനസ് ചത്ത്‌, പുഴേല് ചാടിയ സരസൂനെ മുങ്ങി തപ്പി എടുക്കനെന്റെ എടേല്, ആരും കാണാണ്ട് ഓള്‍ടെ നെഞ്ചത്ത് പിടിച്ചിട്റ്റ് ആ അസത്ത് പറയാത്രേ, "തിന്നൂല്ല. തീറ്റിയ്ക്കൂല്ല മൂധേവി. പാണംബ്ര സുജാത മാറി നിക്കും. ചാവണ്ട വല്ല കാര്യണ്ടഅശ്രീകരത്തിന് ? "എന്ന്.ഛീ.മേല്ക്കുപ്പായതിന്‍ മീതെ തോര്‍ത്ത്‌ മുണ്ട് നേരെ പിടിചിടുന്നതിനിടയില്‍ അറപ്പ് കൊണ്ട് എട്ത്തിയുടെ മുഖം കോടിപ്പോയി.

ഇനീപ്പോ ട്രെയിനിനു തല വെയ്ക്കാംച്ചാല്‍, അതിനും ഉണ്ട് പൊല്ലാപ്പ്. തീവണ്ടി നേരം തെറ്റും. സമയത്ത് വീടെത്തണ്ട ഏതെങ്കിലും പെണ്‍കുട്ട്യോള് വഴീലാവും. നമ്മക്കോ ജീവിയ്ക്കാന്‍ പറ്റീല, അവറ്റോള്ടെ ജീവിതം എന്തിനാ, നശിപ്പിയ്ക്ക്ണ് ?! അതോണ്ട് അത് എന്തായാലും ചെയ്യാന്‍ പാടില്ല. പിന്നേം ഉണ്ട് പ്രശ്നം. ചത്ത്‌ പോയാല്‍, ഐവര്‍ മഠം വരെ കൊണ്ടോണം കത്തിയ്ക്കാന്‍. മൂന്നു സെന്റ്‌ സ്ഥലത്ത് എങ്ങനെ അടക്കാന? ആംബുലന്‍സ്,കോടി മുണ്ട്. അടിയന്ത്രം.അങ്ങനെ.

ചാതം ഊട്ടല്‍ ഒന്നും ണ്ടാവൂലാ ച്ചാലും.... ചിന്ത ചാത്തം വരെ എത്തിയപ്പോള്‍ ഒരു കരച്ചില്‍ വന്നു എട്തിയുടെ കഴുത്തിന്‌ കുത്തിപ്പിടിച്ചു.ജീവിച്ചു ആശ തീരാണ്ട ചത്താല്‍, പ്രേതോം ആവും ത്രെ . ആവണ കാലത്ത് ആരേം ഉപദ്രവിയ്ക്കണം ന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല.ഇനീപ്പോ രണ്ടും കല്‍പ്പിച്ചു ചത്താ , തന്നെ, "എന്റെ എട്ത്യെ, ആകപ്പാട കൂട്ടി വെച്ച കാശും കൊണ്ട് ഒരു മൊബീല് വാങ്ങണം ന്ന് വെച്ചപ്പഴാണല്ലോ ങ്ങള് ഇങ്ങനെ ഒരു ചെലവ് ണ്ടാക്കി വെച്ചേ"എന്ന് സതീശന്‍ വിഷമിയ്ക്കും. ഓന്‍ കരയില്ല . അല്ല, എന്തിനാ കരയണ് !‌ ? ആണുങ്ങള് കരയണേലും വെഷമാണ്, ചെല നേരത്ത് കരയാണ്ടെ പിടിച്ചു നിക്കണ കണ്ടാല്‍ .

അമ്മേം പറയും."അനക്കൊരു മുണ്ടും തുണീം കിട്ടീല, ച്ട്ട്ട് ങ്ങനെ ചെയ്യനെര്‍ന്നോ? പൊറത്തെറങ്ങി പോണത് ആ ചെക്കനല്ലേ? ഓന്‍ പത്തുറുപ്പ്യ കൂട്ടി വെച്ചപ്പഴയ്ക്കും ഒടുക്കത്തെ ചെലവും കൊണ്ട് വന്നു മൂധേവി." എന്ന്.

വേണ്ട ശിവനേ. വേണ്ട മാരണം.ദൈവം തന്ന ജീവന്‍ എങ്ങനെയാ ഒന്നോടുങ്ങിക്കിട്ട്വ എന്ന് വിഷമിച്ചു നില്‍ക്കുമ്പോഴാണ്, ഞാന്‍ കയ്യാല പുറത്തു നിന്നിറങ്ങി തങ്കേട്തിയുടെ മുന്നിലേയ്ക്ക് ചെന്നത്. "ന്തേ എട്ത്യെ ഒരു ആലോചന? " "ഒന്നൂല്ല കുട്ട്യേ, വെറ്തെ." .പശൂന് വെള്ളം എടുക്കണ ബക്കറ്റും കൊണ്ട് എടത്തി, ഇടവഴി കയറിപ്പോയി.

ആ ഇല്ലാ ചിരി വരുത്തി ചിരിച്ചിട്ട് പോണ പോക്കുണ്ടല്ലോ, മൂപ്പത്യാരുടെ വിചാരം ആര്‍ക്കും അത് മനസിലാവില്ല എന്നാണ്.